Sunday, 20 December 2015

‘മാലി’യോടൊപ്പം ഒരു യാത്ര




‘മാലി’യോടൊപ്പം ഒരു യാത്ര



ഞങ്ങളുടെ യൂണിവേഴ്‌സിറ്റിയുടെ ഹെഡ് ഓഫീസ് തൃശൂരിലായതുകൊണ്ട് ഇടയ്ക്കിടെ തൃശൂര്‍ യാത്രകള്‍ പതിവായിരുന്നു. പൊതുവെ യാത്രകള്‍ ഇഷ്ടപ്പെടുന്ന എനിക്ക്, കൂട്ടുകാരോടൊപ്പം സംഘമായുള്ള ട്രെയിന്‍ യാത്രകള്‍ എന്നും പ്രിയപ്പെട്ടതാണ്. കളിചിരികളും തമാശകളും നിറഞ്ഞതായിരിക്കും ആ യാത്രകള്‍.

അധികം കളികളും ബഹളങ്ങളും ഒന്നുമില്ലാതെ കടന്നുപോയെങ്കിലും മറക്കാനാകാത്ത ഒരു ട്രെയിന്‍ യാത്രയാണു മാലി എന്ന ഇസ്രായേല്‍കാരിയോടോപ്പമുള്ള തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള മടക്കയാത്ര. അവര്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം വളരെ വലുതല്ലാത്തതുകൊണ്ട് ഞങ്ങള്‍ക്കും അവര്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ പറ്റി.

ഏകദേശം ഒരു 60 വയസ്സ് പ്രായമായ അവര്‍, ജോലിയും മറ്റു ടെന്‍ഷനും ഒക്കെ മാറ്റിവെച്ച് കുറച്ചുനാള്‍ ഭര്‍ത്താവിനൊപ്പം ചുറ്റിക്കറങ്ങാന്‍ ഇറങ്ങിയതാണ്.

ഒരു മാസത്തിലധികം നീണ്ട യാത്രയുടെ അവസാന പത്തുനാള്‍ ചിലവഴിക്കനാണ് അവര്‍ കേരളത്തില്‍ എത്തിയത്. പത്മനാഭപുരം കൊട്ടാരം, കന്യാകുമാരി, കോവളം ഒക്കെ കണ്ട്, ആലപ്പുഴ, ഇടുക്കി, വയനാട് എന്നിവിടങ്ങളിലും കൂടി കറങ്ങിയിട്ട് നേരെ വീട്ടിലേക്ക് മടങ്ങാനാണ് അവരുടെ പ്ലാന്‍. ഇവിടം അവര്‍ക്ക് വളരെ ഇഷ്ടപ്പെട്ടു, കേരളത്തെ പറ്റി എടുത്തുപറഞ്ഞ രണ്ട്‌ കാര്യങ്ങള്‍, പ്രകൃതി രമണീയതയും ഇവിടത്തെ വസ്ത്രധാരണവുമാണ്. ഇവിടേക്ക് വരാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ഗൂഗിളില്‍ കേരളത്തെ കുറിച്ച് നോക്കിയപ്പോള്‍ കണ്ടത് മാന്യമായ വസ്ത്രധാരണം എന്നാണെന്നും അവര്‍ പറഞ്ഞു, അതുകൊണ്ടുതന്നെ പതിവിലേറെ വസ്ത്രമൊക്കെ ധരിച്ചാണ് അവര്‍ ഇങ്ങോട്ട് വന്നത്. അവരുടെ നാട്ടില്‍ ഇത്രയേറെ വസ്ത്രം ധരിച്ചവരെ വളരെ വിരളമായി മാത്രമെ കാണാന്‍ കഴിയു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിനുപുറമെ ഇവിടത്തെ വസ്ത്രങ്ങള്‍ കൂടുതല്‍ കളര്‍ഫുള്‍ ആണെന്നും അവിടെ ഇത്ര നിറഭേദങ്ങള്‍ ഇല്ല എന്നുമുള്ള അറിവ് എന്നെ അമ്പരപ്പിച്ചു. അപ്പോഴാണ്‌ ഞാന്‍ ഓര്‍ത്തത്, ശരിയാണ്! ഇംഗ്ലീഷ് സിനിമകളില്‍ മിക്കവാറും നായികമാര്‍ ഒന്നുകില്‍ വെള്ള, അല്ലെങ്കില്‍ കറുപ്പ് ഒക്കെ അല്ലെ കൂടുതലായും ധരിച്ച് കാണുന്നത്..!

അവര്‍ പെട്ടെന്ന് തന്നെ ഞങ്ങളോടൊപ്പം കൂട്ടായി. അവരുടെ കുടുംബകാര്യങ്ങളും മറ്റു വിശേഷങ്ങളും ഒക്കെ ഞങ്ങളുമായി പങ്ക് വെച്ചു. സ്വന്തമായി വലിയ റെസ്റ്റാറന്‍റ്റ് ഒക്കെ ഉള്ള പുള്ളികളാണ്. അവരുടെ വലിയ വീടും റെസ്റ്റാറന്‍റ്റും മൂന്ന് മക്കളെയും ഒക്കെ മൊബൈലില്‍ ഫോട്ടോ കാണിച്ച് പരിചയപ്പെടുത്തി.  ഇളയമകന്‍ പട്ടാളത്തിലാണ്. അവിടെ ആണ്‍കുട്ടികള്‍ അഞ്ച് വര്‍ഷം നിര്‍ബന്ധമായും പട്ടാളത്തില്‍ ചേരണം. കൊടും പട്ടാളച്ചിട്ടകളില്‍ കിടന്നു കഷ്ടപ്പെടുന്ന മകനെ കുറിച്ചോര്‍ത്ത് അമ്മക്ക് വളരെയധികം ആശങ്കയുണ്ടെന്ന് അവരുടെ വാക്കുകളില്‍ നിന്നും ഞങ്ങള്‍ക്ക് വ്യക്തമായി. മകന്‍ അവസാനമായി ലീവിന് വീടിലേക്ക്‌ വന്നപ്പോള്‍ ഷൂട്ട്‌ ചെയ്ത വീഡിയോയും ഞങ്ങളെ കാണിച്ചു. മൂത്തമകള്‍ വിവാഹാമൊക്കെ കഴിഞ്ഞു സുഖമായി കഴിയുന്നു. രണ്ടാമത്തെ മകള്‍ ഒരാളുമായി ടേറ്റിങ്ങിലാണ്, ആദ്യത്തെ ലവറുമായി ബ്രേക്ക്‌ അപ് ആയ വിഷമത്തില്‍ ഇരുന്നപോഴാണ് ഈ പുതിയ ആളുടെ വരവ്. അങ്ങനെ പല വിഷയങ്ങളും ഞങ്ങള്‍ സംസാരിച്ചു.

കുറെനേരം സംസാരിച്ച് തളര്‍ന്നപ്പോള്‍ ഇടയ്ക്ക് അല്പം ബ്രേക്ക്‌ എടുത്തു, അവര്‍ ഞങ്ങള്‍ക്ക് ഒരു സ്വീറ്റ് തന്നു, ഇവിടത്തെ കടലമിട്ടായി ഒക്കെ പോലെ തോന്നുന്ന അവിടത്തെ ഒരു പ്രത്യേക സ്വീറ്റ്. അതൊക്കെ കഴിച്ച് വീണ്ടും ഞങ്ങള്‍ സംസാരത്തിലേക്ക്‌ കടന്നു.

പെട്ടെന്നാണ് ഞങ്ങള്‍ ഓര്‍ത്തത് ഇസ്രയേല്‍ യുദ്ധം ഒക്കെ നടക്കുന്ന സ്ഥലമാണല്ലോ എന്ന്..! അപ്പോള്‍ ഞങ്ങള്‍ അതിനെക്കുറിച്ച്‌ ചോദിച്ചു. അപ്പോള്‍ അവരുടെ മറുപടി ഇതായിരുന്നു: “യേശുവിന്റെ സ്ഥലമായ ജെറുസലേം ഉള്ള നാടാണെങ്കിലും ഇസ്രായേല്‍ തീരെ സമാധാനം ഇല്ലാത്ത സ്ഥലമാണ്. യുദ്ധം ഇടയ്ക്കിടെ വരാറുണ്ട്. എന്ന് യുദ്ധമുണ്ടാകുമെന്ന് ആര്‍ക്കും അറിയില്ല. ചിലപ്പോള്‍ ശാന്തമായ ഒരു ദിവസം പെട്ടെന്ന് വെടിവെയ്പ്പിന്റെയും ബോംബെറിന്റെയും ഒച്ച കേള്‍ക്കും. അപ്പോള്‍ എല്ലാവരും വീട്ടില്‍ നിന്നും ഇറങ്ങി, ചിതറിയോടി എവിടെയെങ്കിലും പോയി പതുങ്ങിയിരിക്കും. എന്നിട്ട് എല്ലാം ശാന്തമാകുമ്പോള്‍ മടങ്ങി വന്നു നോക്കും, തന്റെ മക്കളും ഭര്‍ത്താവും അയല്‍പക്കകാരും ഒക്കെ ജീവനോടെയുണ്ടോയെന്ന്..!” എന്നിട്ട് അവര്‍ പറഞ്ഞ വാക്കുകള്‍ എന്നെ വലാതെ ഉലച്ചു. "ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം മരണഭയമില്ലാതെ ഒരു ദിവസമെങ്കിലും രാത്രി സുഖമായി തന്റെ കുടുംബത്തോടൊപ്പം ഉറങ്ങാന്‍ കഴിയുന്നതാണ്..!" 

ഞാന്‍ ഇതുവരെ തിരിച്ചറിയുക പോലും ചെയ്യാത്ത പല സൗഭാഗ്യങ്ങളും എനിക്ക് ഉണ്ടെന്ന് ഞാന്‍  മനസിലാക്കിയത് അന്നായിരുന്നു.


                                                  ANCHANA.V.V

No comments:

Post a Comment